Sunday, October 13, 2013

വേരു തേടുന്നവർ


കടുത്ത വേനലിലായിരുന്നു ഞാൻ മുള പൊട്ടിയത്
ഉണങ്ങി വരണ്ട മണ്ണിലും സ്നേഹനീർ പൊഴിച്ചുകൊണ്ടെൻ
അമ്മമരം കാവലിരുന്നു
നനുത്ത ചില്ലകളാൽ എന്നെ വീശി
ആർദ്രമായ മനസ്സുമായവൾ എന്നെ പുല്കി
ഇലകൾ കുളിരായ് പെയ്തു
വേരുകൾ വളം തേടി, വെള്ളം തേടി
വരമ്പുകളില്ലാതെ യാത്രയായി
വെയിലിലും മഴയിലും ചില്ലകളിൽ ചിരിയോളിപ്പിച്ചു
ഞാൻ യുവതിയായി
അയൽ തൊടികളിൽ നിന്നും
പൂക്കാറായ ചെടികൾ
ലോറിയിൽ കയറി പോകുന്നതും
വേരറ്റു ചില്ലകളുണങ്ങി മടങ്ങിയെത്തുന്നതും
പതിവായിരുന്നു
ഒരു ദിവസം
ഒരു മനോഹര വാഹനത്തിൽ അവരെത്തി
കണ്ട പാടെ ബോധിച്ചു
ചില്ലകളിൽ നാനമോളിപ്പിച്ച
എന്റെ കണ്ണുകളിൽ നോക്കിയവർ വിലപേശി
അവസാനം...
എന്റെ അടിവേരുകൾ പിഴുതു മാറ്റി ലോറിയിൽ കയറ്റി
എവിടെയോ കൊണ്ട് പോയവർ
പുന:പ്രതിഷ്ടിച്ചു...
എന്റെ അടിവേരുകൾ അറുത്തു മാറ്റപ്പെട്ടിരുന്നു
ചില്ലകളുടെ ചിരി മാഞ്ഞു
തിളച്ച വെള്ളത്തിൽ പോള്ളിയുരുകുന്ന
വേരുകളുടെ വേദന ഞാൻ അറിഞ്ഞു
നീര് തേടി പോകാൻ കഴിയാതെ
വേരുകൾക്ക് ചുറ്റും അതിർത്തി പണിതിരുന്നു
ചില്ലകൾ വെള്ളവും വളവും കിട്ടാതെ
ഉണങ്ങാൻ തുടങ്ങി
വിടരാൻ വെമ്പി നിന്ന മൊട്ടുകളെ
അകാലത്തിൽ വിരിയിച്ചു
ഞാനറിയാതെ എന്റെ കാമ്പറിയാതെ
എന്നിൽ കായകൾ വിടർന്നു
ഏതു കാറ്റിലും മറിഞ്ഞു വീഴാൻ പാകത്തിൽ
വേരുകൾ മണ്ണില്ലാതെ കെട്ടു പിണഞ്ഞു കിടന്നു
കാലം കഴിയവേ വേരുകളുടെ അറുത്തു മാറ്റിയ അഗ്രത്തിൽ
തഴമ്പുകൾ വീണു...
സിമന്റ്‌ ഭിത്തിയിൽ
വിള്ളലുകൾ സൃഷ്ട്ടിച്ചുവേരുകൾ പുറത്തു കടന്നു
പുറത്തെ ദാഹജലത്തിൽ അവയിൽ പുതു ജീവന വച്ചു
ഇടം തേടിയുള്ള യാത്രയിൽ എന്റെ കാമ്പിൽ സ്പന്ദനം തീർത്ത
അയൽ തൊടിയിലെ മരത്തിന്റെ വേരുകളിൽ ഞാൻ അഭയം തേടി
എന്റെ ചില്ലകളിൽ വീണ്ടും ഇലകൾ മുളച്ചു
അകക്കാമ്പിൽ നിന്നും മൊട്ടുകൾ പുറത്തേക്കു വന്നു
മൊട്ടു കുത്തിത്തുറക്കാൻ വന്ന ഉടമയോട് ഞാൻ ആദ്യമായി
അരുതെന്ന് പറഞ്ഞു...
തന്റെ തൊടിയില തൻ വാങ്ങി വച്ച മരത്തിന്റെ മൊട്ടുകൾ തന്റെതാണെന്നയാൾ
ദാർഷ്ട്യം പറഞ്ഞു
അയാൾ കാണാതെ ഞാനെന്റെ മൊട്ടുകളെ
എന്റെ ചങ്ങാതിയുടെ വേരുകളിൽ സമർപ്പിച്ചു
സ്വാഭാവികമായി മൊട്ടുകൾ തുറക്കുന്നതിന്റെ
നിർവൃതി ഞാൻ അറിയാതെ നുണയാൻ തുടങ്ങി...
എന്റെ ഇലകൾക്ക് മാർദ്ധവംവച്ചു
ചില്ലകളിൽ നാണം തുടിച്ചു..
ഒരു ദിവസം എന്റെ ചങ്ങാതിയെ ഒരു കൂട്ടം
മരം വെട്ടുകാർ വെട്ടിമുറിക്കുന്നതും
എന്റെ വേരുകളിൽ രക്തം പടരുന്നതും കണ്ട ഞാൻ ബോധ രഹിതയായി നിലം പതിച്ചു ...
അവസാനം കമ്പില്ലാതെ..വേരില്ലാതെ...ചില്ലകളില്ലാതെ
വിറകു വെട്ടുകാരന്റെ മുന്നിൽ ഞാൻ വിറങ്ങലിച്ചു കിടന്നു...
മല്ലിക എം ജി

No comments:

Post a Comment