Friday, October 31, 2014

ശാന്തി

ആരും അനിവാര്യരല്ലാത്ത...
എല്ലാവരും ഒരുപോലെ
സ്വന്തമാകുന്ന
അവസ്ഥയിൽ..
നാം ശാന്തിയുടെ 
തീരങ്ങളിലേക്ക്
നടന്നടുക്കും..
നഷ്ടങ്ങൾ
എന്നൊന്നില്ലെന്നും
നേട്ടങ്ങൾ എന്നതും
ഒരു തോന്നൽ മാത്രമാണ്
എന്നും
നമ്മുടെ മനസ്സ് നമ്മോടു
പറഞ്ഞു തരും...
അന്ന്
കുതിച്ചു പാഞ്ഞു
ചിരിച്ചകലുന്ന
തിരമാല പോലെ
നമ്മുടെ മനസ്സിൽ
ഉത്തരങ്ങളുമായി
ചിന്തകൾ
പറന്നു വരും
അർത്ഥമില്ലാത്ത
പുലംബളുകൾക്ക്
ചെവികൊടുക്കാതെ
കടലിന്റെ
സംഗീതത്തിൽ
ലയിച്ചു ചേർന്ന്
ഒടുവിൽ
നീരാവിയായി
മേഘമായ്
മഴയായ്
മണ്ണിൽ കുളിരായ്
സ്നേഹത്തിന്റെ വിത്തുകൾ
മുളച്ചു പൊങ്ങും
അതുവരെ
ഈ വെയിലിന്റെ ചൂടും
മഞ്ഞിന്റെ തണുപ്പും
നമ്മുടെ ശരീരാതെ
തളര്തികൊണ്ടേ ഇരിക്കും...
എം ജി മല്ലിക

Saturday, October 11, 2014



പരസ്പരം കടിച്ചുകീറാൻ വെമ്പുന്ന
എന്റെ മക്കളുടെ ഹൃദയത്തിൽ
ഒരു മഞ്ഞു തുള്ളിയായ്
പടരാൻ കഴിഞ്ഞെങ്കിൽ...
അവരുടെ ചേതനയിൽ 
അറിവിൻ കണിക
നിരയാനുള്ള ദാഹം
വളർത്താൻ കഴിഞ്ഞെങ്കിൽ...
മയങ്ങി വീഴുന്ന
അവരുടെ യുവത്വത്തിൽ
സ്നേഹത്തിന്റെ കൈയൊപ്പ്‌
പതിക്കാൻ കഴിഞ്ഞെങ്കിൽ
അതാവട്ടെ ഇനിയുള്ള
കാലം എനിക്കായി നീട്ടിയ
എന്റെ ജന്മ നിയോഗം...
എം ജി മല്ലിക

Friday, October 10, 2014

പ്രണയം

പ്രണയത്തിന്റെ അർഥം തേടി
എത്രയോ കാലം അലഞ്ഞിട്ടുണ്ട്...
ആരോടെങ്കിലും ഒരിത്തിരി
പ്രണയം തോന്നാൻ ഒരു
പാട് ആഗ്രഹിചിട്ടുമുണ്ട്..
പക്ഷെ ചത്തുപോയ മോഹങ്ങളുടെ
ഉണങ്ങിയ ഓർമ്മകളുമായി
ശവ പറമ്പ് തേടി അലയുന്ന
ആത്മാക്കളിൽ നിന്നും
മടുപ്പിന്റെ മുഷിഞ്ഞ സ്മരണകൾ
മാത്രമേ പലപ്പോഴും അരികിലെത്താറുള്ളൂ.
ശരീരം തേടി അലയുന്ന
നൈമിഷിക സുഖത്തിന്റെ
പേരായി മാറാറുണ്ട്
പലപ്പോഴും
മനുഷ്യന്റെ ആന്തരിക ചോദനയെ
ഉണര്ത്തുന്ന പ്രണയം എന്ന പദം...
എന്നാൽ അടക്കാനാവാത്ത
സ്വാതന്ത്യ ദാഹത്തിന്റെ
ആരും കൊതിക്കുന്ന
ഓർമ്മയാണ് എനിക്ക് പ്രണയം...
എന്റെ സഹജീവികളോട്...
എന്റെ മണ്ണിനോട്..
എന്റെ മരങ്ങളോട്...
തൊടിയിലെ മരത്തിന്റെ
കൊമ്പുകളിൽ വീഴുന്ന വെട്ടുകൾ
എന്റെ ഹൃദയത്തിലാണ്
പലപ്പോഴും പതിചിട്ടുള്ളത്...
ഓരോ മരത്തിന്റെയും ഉണങ്ങിയ
ഇലകൾ മരിച്ചുപോയ മുത്താച്ചിമാരുടെയും
മുത്തച്ഛൻ മാരുടെയും
അച്ഛന്റെയും ഓർമ്മയായി
എന്നിൽ നിറയുന്നു...
കടന്നു പോകുന്ന
ഓരോ മനുഷ്യന്റെയും
മുഖങ്ങളിലെ വേദന നിറഞ്ഞ
പാടുകൾ എന്നെ കരയിക്കുന്നു...
കണ്ണുകൾ വെറുതെ
നിറഞ്ഞൊഴുകുമ്പോൾ
ഞാൻ എന്നെ അറിയുന്നു...
കെട്ടി പുണരുന്ന മാംസ ദാഹത്തിന്റെ
നൈമിഷിക നിമിഷങ്ങളേക്കാൾ
എന്നിൽ നിറഞ്ഞത്‌
പൊട്ടികരയുന്ന കണ്ണുകളിൽ നിന്നും
ഉയരുന്ന പ്രതീക്ഷയുടെ
നേർത്ത പുഞ്ചിരിയാണ്...
അതാവാം എല്ലാം നഷ്ടപ്പെട്ട്
എന്ന് തോന്നുമ്പോഴും
വേദനിക്കുന്നവനെ
കെട്ടിപ്പുണരാനും
അവന്റെ ആത്മാവിൽ
പ്രതീക്ഷ നിറയ്ക്കാനും
കഴിയുന്ന സ്വാതന്ത്ര്യമായി
ഞാൻ എന്റെ നഷ്ടങ്ങളെ കാണുന്നത്...
എന്നെ വരിഞ്ഞു മുറുക്കിയ
ചങ്ങലകളിൽ നിന്നും രക്ഷപ്പെടാനും
എന്നെ കാത്തിരിക്കുന്ന
കരഞ്ഞു കലങ്ങിയ മനസ്സുകളിലേക്ക്
ശാന്തിയായി പടരാനും എനിക്ക് കഴിയുന്നത്‌...
വർഷങ്ങൾക്കുമുൻപ്
എടുത്തു ചാടിയ ജയിൽ വാസം
എന്നിൽ അവശേഷിപ്പിച്ചത്
ഒരുപാട് വേദനകളുടെ അറിവാണ്...
മനസ്സുകളുടെ വായനക്കാരിയാക്കി
എന്നെ മാറ്റിയ ആ അനുഭവങ്ങളിൽ
നിന്നും സ്വാതന്ത്ര്യ ത്തിന്റെ
നനുത്ത കാറ്റ്
എന്നിലേക്ക്‌ പടരുന്നതിന്റെ
ആശ്വാസം ഞാൻ അനുഭവിക്കുന്നു...
ആത്മ സംഘർഷത്തിന്റെ
നാളുകളിൽ നിന്നും
കരയുടെ സുരക്ഷിതത്വം
ഞാൻ അറിയാൻ തുടങ്ങുന്നു...
അതെ ഇനി ഒരു ചങ്ങലക്കും
എന്നെ തളച്ചിടാൻ കഴിയില്ലെന്ന്
ഞാൻ എന്റെ ആത്മാവിനു
വാക്ക് കൊടുത്തു കഴിഞ്ഞു..
ഇന്ന് ഞാൻ തിരിച്ചറിയുന്നു...
തിരിച്ചറിവാണ് പ്രണയം..
അതാണ്‌ യഥാർത്ഥ സ്വാതന്ത്ര്യം...
എം ജി മല്ലിക