Tuesday, February 21, 2017

ഞാൻ എന്തുകൊണ്ട് ഇങ്ങനെ ആയി എന്ന്
എന്നോട് തന്നെ ചോദിച്ചു നോക്കിയിട്ടുണ്ട്...
കാരണം തേടി എനിക്ക് മറ്റെവിടേക്കും
പോകേണ്ടി വന്നിട്ടില്ല...
ഞാൻ ഇന്ന് വഹിക്കുന്ന സ്ഥാനമോ
വിദ്യാഭ്യാസമോ ഒന്നുമല്ല
എന്നെ ഞാനാക്കിയത്...
എന്റെ കുട്ടിക്കാലം...
പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും
ഇടയിൽ കിടന്നു പിടച്ചിരുന്ന
ആ മെലിഞ്ഞ നിഷ്കളങ്ക ബാല്യ കൗമാരങ്ങൾ
എന്നെ ഞാനാക്കി മാറ്റി...
എന്റെ മുന്നിൽ വരുന്ന ഓരോ കുട്ടിയുടെയും
കണ്ണുകളിൽ ഞാൻ
കാണുന്നത്
എന്റെ കൂടെ ജോലി ചെയ്യുന്ന
അധ്യാപകർ ആരോപിക്കുന്ന പോലെ
വഞ്ചനയുടെ മുഖമല്ല..
രാത്രി മുഴുവൻ അച്ഛന് വീശി വീശി തളർന്നു
എവിടെയെങ്കിലും
കീറ പായയിൽ
ഉറുമ്പു കടിയേറ്റു കിടന്നു ഉറങ്ങുന്ന
എന്റെ ബാല്യത്തെ..എന്റെ കൗമാരത്തെ
നിങ്ങൾക്ക് ഭാവനയിൽ കാണാൻ പോലും
കഴിയാത്തതു
എന്റെ കുറ്റമല്ല...
നാലരക്കെഴുന്നേറ്റു
കുന്നിനപ്പുറം വട്ടക്കിണറ്റിലെ
വെള്ളം ഊറ്റി എടുക്കാൻ
'അമ്മ തെളിച്ച ചൂട്ടിന്റെ വെളിച്ചത്തിൽ
ഇരുട്ടിനെ അകറ്റി മാറ്റി
ഓടാറുണ്ടായിരുന്ന ആ പതിനാറു കാറി എന്നിൽ ഇന്നും
എഴുന്നേറ്റു വരുന്നത്
എന്റെ കുറ്റം കൊണ്ടാണോ...?
കറണ്ടും മേശയും
കസേരയും പോയിട്ട് കിടന്നുറങ്ങാൻ
ഒരു പായ പോലും ഇല്ലാതിരുന്ന
ആ പെൺകുട്ടിയുടെ
റെക്കോർഡ് ബുക്ക് മുഖത്തേക്ക് വലിച്ചെറിയുമ്പോൾ
ഞാൻ കണ്ട അധ്യാപകന്റെ മുഖത്ത്
ഇന്ന് എന്റെ കൂടെ ജോലി ചെയ്യുന്ന പല
അധ്യാപകരുടെയും മുഖത്ത് കാണുന്ന പുച്ഛ ഭാവം
ഉണ്ടായിരുന്നു എന്നത്
ചിലപ്പോൾ എന്റെ തോന്നലാവാം...
വാർപ്പിൽ വെള്ളം നിറച്ചു വച്ച്
തൊഴുത്തിൽ ചാണകത്തിൽ കുളിച്ചു കിടക്കുന്ന
പശുവിനെ
വാലുപിടിച്ചെഴുന്നേല്പിച്ചു
പാല് കറന്നു
ചക്കിട്ട പാറയിലെ പാൽ സൊസൈറ്റിയിൽ
കൊണ്ട് പോയി കൊടുത്തു
നീര് ചാലുപോലെ ഒഴുകുന്ന
പറക്കിടയിലെ അരുവിയിൽ തല ആഴ്ത്തി...
ഇന്നലെ നനച്ചു തോരാനിട്ട
 ആകെയുള്ള പാവാട അഴയിൽ നിന്നും
വലിച്ചെടുത്തു ഉടുത്തു
വെള്ളം പോലും ഇറക്കാതെ ഓടാറുണ്ടായിരുന്ന
പതിനാറു കാരി ഇന്നും എന്റെ
തീരുമാനങ്ങളെ, കാഴ്ചകളെ
 നയിക്കുന്നതിന് എനിക്കെന്തു ചെയ്യാൻ കഴിയും...?
ഇരുട്ടിന്റെ ചെറിയ സാന്നിധ്യം പോലും
ഉറങ്ങാനുള്ള സമയത്തെ തീരുമാനിക്കുന പോലെ
ഒരു തിരി നന്നാക്കാനുള്ള
മണ്ണെണ്ണ പോലും
എടുക്കാനില്ലാതിരുന്ന എന്റെ ബാല്യം കൗമാരങ്ങളിൽ
ചക്ക അരക്കു കത്തിച്ചു വച്ച വെളിച്ചത്തിന്റെ
ഇടയിലൂടെ
വായിച്ചു തീർത്ത പുസ്തകങ്ങളിൽ
ഞാൻ ദർശിച്ച വേദന
എന്നെ ഞാനാക്കി മാറ്റിയതിൽ
എനിക്കെന്തു ചെയ്യാൻ കഴിയും...?
രോഗക്കിടക്കയിൽ അച്ഛനെ
പരിചരിക്കാൻ വേണ്ടി
ചിലവഴിച്ച
ദിവസങ്ങളിലെ
ഹാജർ നില വച്ചായിരുന്നു
തുടർ വിദ്യാഭ്യാസം
തീരുമാനിക്കപ്പെടുന്നതെങ്കിൽ
ഏതോ പറമ്പിന്റെ ഓരങ്ങളിൽ
പശുവും ആടും ഒക്കെയായി
ഇതിനേക്കാൾ സമാധാനമുള്ള
ദരിദ്ര ജീവിതം ആയിരുന്നു
ഞാൻ നയിക്കുമായിരുന്നത്
എന്ന് നിങ്ങള്ക്ക് മനസ്സിലാക്കാൻ കഴിയില്ല..
പക്ഷെ എന്റെ മുന്നിൽ
കടന്നു വരുന്ന മുഖങ്ങളിൽ അവരുടെ
ജീവിതത്തിന്റെ വിഷമങ്ങൾ
തിരിച്ചറിയാനുള്ള കഴിവ്
പകർന്നു തന്നത്
എന്റെ ശമ്പളം പറ്റുന്ന
ബഹു ഭൂരി പക്ഷം ഗുരുക്കൻമാരും
ആയിരുന്നില്ല...
ഫീസ് കൊടുക്കാതെ ഞാൻ
പഠിച്ചു തീർത്ത
 ദാരിദ്യ്രത്തിന്റെയും അവഗണനയുടെയും
പാഠങ്ങളായിരുന്നു...
അതുകൊണ്ടാണ് സുഹൃത്തേ ...
എന്റെ മുന്നിൽ
നിസ്സഹായയായി നിൽക്കുന്ന
ദരിദ്ര നാരായണമാർ
എന്റെ മക്കളായി
എനിക്ക് സ്നേഹിക്കാൻ കഴിയുന്നത്...
ജനാധിപത്യമെന്നത് ജീവിതത്തിൽ
സ്വംശീകരിക്കേണ്ട ഗുണമാണെന്നും
പ്രസംഗ വേദിയിൽ കയ്യടി കിട്ടാനുള്ള
മനഃപാഠ മല്ലെന്നും എന്നെ
പഠിപ്പിച്ചത് പാർട്ടി ക്‌ളാസ്സുകളായിരുന്നില്ല...
അനുഭവമായിരുന്നു...
അതുകൊണ്ടാണ്
അറ്റന്റൻസ് എന്ന ഫാസിസിസ്റ്
ഉപകരണം ഉപയോഗിച്ച്
പാർശ്വ വത്കൃത ജനതയെ
വിദ്യാഭ്യാസ രംഗത്ത് നിന്നും
ഉന്മൂലനം ചെയ്യാനുള്ള
ഗൂഢ ശ്രമങ്ങളെ ചെറുക്കേണ്ടതാനെന്നു
മനസ്സിലാവുന്നത്...
അടിച്ചമർത്താനുള്ള ഉപാധിയല്ല
ജനങ്ങളെ സേവിക്കാനുള്ള ഉപാധിയാണ്
വിദ്യാഭ്യാസം എന്ന് ഞാൻ പഠിച്ചത്
ഏതെങ്കിലും പ്രഭാഷകന്റെ
പ്രേരണ കൊണ്ടായിരുന്നില്ല...
എന്റെ മുന്നിൽ വരുന്ന
കുട്ടികളെ മോളെ എന്നോ മോനെ എന്നോ
വിളിക്കുന്നത്
എന്നെ സ്നേഹിക്കാൻ ഒരു പാട് പേർ
ഉണ്ടായിരുന്നത് കൊണ്ടല്ല..
ആരും അങ്ങനെ വിളിക്കാതിരുന്നതിന്റെ ഭാഗമായി
എന്നിലുണ്ടാക്കിയ വേദനയുടെ ആഴം
തിരിച്ചറിയാൻ കഴിയുന്നത് കൊണ്ടാണ്...
ഒരു ഗുണം പോലും കാണാതെ
നിരന്തരം വിമർശിക്കാൻ
മാത്രം അറിയുന്ന
അറിവിന്റെ ഭണ്ടാരങ്ങളെക്കാൾ
ഞാൻ ആദരിക്കുന്നത്
മനസ്സിൽ മനുഷ്യന്റെ നൈർമല്യവും
സ്നേഹത്തിന്റെ തണുപ്പും സൂക്ഷിക്കുന്ന
ആരും അറിയപ്പെടാത്ത കോണുകളിൽ
കഴിഞ്ഞു കൂടുന്ന
മനുഷ്യരുടെ ജീവിതത്തെയാണ്...
അധികാരവും
അറിവും
മനുഷ്യനെ വേദനയിപ്പിക്കാനുള്ള
ഉപാധിയായി കൊണ്ട് നടക്കുന്ന
കള്ളനാണയങ്ങളേക്കാൾ
എന്നെ ആകര്ഷിച്ചിട്ടുള്ളത്
ഇല്ലായ്മയിലും
അന്യന്റെ വേദനയിലേക്കു ഒരു
തുണ്ടു സ്നേഹ സ്പർശം എറിഞ്ഞു കൊടുക്കാൻ
കഴിയുന്ന മനസ്സുകളുടെ
വിശാലതയാണ്...
അതുകൊണ്ടു സുഹൃത്തു
നിങ്ങള്ക്ക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല...
കൂടുതൽ ശക്തയാക്കാനല്ലാതെ...
ഞാൻ ഒരു പാടു സ്ഥലങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്തിട്ടുണ്ട്. ഇപ്പോഴും ഒറ്റക്കാണ് പലപ്പോഴും. വളരെ ചുരുക്കം ചില അലോസരങ്ങൾ ഉണ്ടായിട്ടുമുണ്ട്. അതിനോട് ആ സമയത്ത് വൈകാരിക പ്രതികരണം നടത്തിയിട്ടുണ്ടെങ്കിലും പിന്നീടുള്ള വിശകലനത്തിൽ ഒരാളുടെ പെരുമാറ്റം എന്തുകൊണ്ട് അങ്ങനെയാവുന്നു എന്ന് വിലയിരുത്താൻ കഴിഞ്ഞിട്ടുണ്ട്. അതിനേക്കാൾ കൊടിയ അക്രമം ഉണ്ടായിട്ടും എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നും വിലയിരുത്തിയിട്ടുണ്ട്. അന്യരെന്ന് പറയുന്നവരിൽ നിന്ന് ഉണ്ടാവുന്ന തിനേക്കാൾ കൂടുതൽ അപമാന പെടുത്താനുള്ള ശ്രമം സ്വന്തമെന്നു പറയുന്നവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടും അതിനെ അപമാനപെട്ടുത്തലായി പോലും തിരിച്ചറിയാൻ എന്തു കൊണ്ട് കഴിയുന്നില്ല എന്നും വിലയിരുത്തിയിട്ടുണ്ട്. അപമാനം എന്നത് തന്നെ സാമൂഹിക അവസ്ഥയാണ് എന്നാണ് തോന്നിയിട്ടുള്ളത്. ഒരു പുരുഷൻ കയറി പിടിച്ചാൽ സ്ത്രീയെങ്ങനെയാണ് അപമാനിതയാവുന്നത്? അവന്റെ മാനമല്ലേ നഷ്ടപെടുന്നത്? മാനസികമായ അപമാനഭാരത്തിൽ നിന്ന് മുക്തയാവുമ്പോഴേ അക്രമത്തിനെതിരെ ഉറച്ചു നില്ക്കാൻ കഴിയൂ. ഭാവന നിനക്കൊരപമാനവും സംഭവിച്ചിട്ടില്ല. നീ ആക്രമിക്കപെട്ടു. അതിനെ പ്രതിരോധിക്കുക അത്ര മാത്രം. നിന്റെവസ്ത്രം വലിച്ചുരി നഗ്നത കാണാനും കാണിക്കാനും ശ്രമിക്കുന്നവരോട് മുഖമുയർത്തി കയ്യുയർത്തി ചങ്കുറപ്പോടെ പറയുക. ലോകത്തെ സകല സ്ത്രീകൾക്കും ഉള്ളതിനേക്കാൾ കൂടുതലായി എന്റെ ശരീരത്തിൽ ഒന്നുമില്ലെന്ന്. എന്നാൽ എന്റെ മാത്രമായ എന്റെ ആത്മാവിന്റെ വാതിലുകൾ നിനക്ക് കീഴടക്കാൻ കഴിയില്ലെന്ന്. അവനൊക്കെ വെറും ദുർബലനാണ് ഭാവന. നിനക്ക് ഒരു പാടു കരുത്തുണ്ടാവട്ടെ ഈ അനുഭവത്തിലൂടെ. പ്രതിസന്ധികളാണ് ഒരാൾക്ക് കരുത്തു പകരുന്നത്. നമ്മൾ വിചാരിക്കാതെ നമ്മളെ തള്ളർത്താൻ ആർക്കും കഴിയില്ല

Tuesday, August 25, 2015

നിന്റെ കാഴ്ചയും എന്റെ കാഴ്ചയും 
രണ്ടായത് എന്റെയോ നിന്റെയോ കുറ്റമല്ല
നമ്മുടെ തത്വ ശാസ്ത്രങ്ങൾ 
രണ്ടായതിനാൽ മാത്രം...
എന്നിട്ടും നീ എന്നെയും
ഞാൻ നിന്നെയും
കുറ്റപെടുത്തി കൊണ്ടേ ഇരുന്നു...
തിരിച്ചറിവിന്റെ കാറ്റ് വീശിയത്
മരണം നമ്മുടെ മേൽ നിഴൽ വിരിച്ചപ്പോൾ...
തിരിച്ചു പോകാനോ
തിരിചെടുക്കാണോ കഴിയാതെ
നമ്മൾ തകർത്ത ജീവിതത്തെ ഓര്ത്
ദുഖിക്കാൻ പോലും അപ്പോൾ
സമയമുണ്ടായിരുന്നില്ല...
സ്വന്തമെന്നു തോന്നുന്നതാണ് 
നഷ്ടപെടുമ്പോൾ ദുഖമുണ്ടാക്കുന്നത്...
ഒരിക്കലും സ്വന്തമാണെന്ന് 
തോന്നാത്തത് 
അകന്നു പോകുമ്പോൾ
ആശ്വാസമാണ് ഉണ്ടാവുക...
മനസ്സിന്റെ തോന്നലുകൾ
പലപ്പോഴും യാഥാര്ത്യതെക്കാൾ
യാഥാര്തമാണ്...
വിജയവും പരാജയവും പോലും 
തോന്നലുകളാണ്...
എന്താണ് വിജയം..
എന്താണ് പരാജയം....
താൻ ജയിച്ചു എന്ന് ഒരാൾ
കരുതുമ്പോൾ
അയാൾ തോല്ക്കുന്നു എന്ന്
മറ്റുള്ളവർ കരുതാം...
ഒരാൾ ജയിച്ചു എന്ന് മറ്റുള്ളവർക്ക്
തോന്നുമ്പോൾ
ചിലപ്പോൾ
അയാൾ പരാജയത്തിൽ
കരയുക ആയിരിക്കും...
ഈ ലോകത്ത്
ഒരു പുഴുവിനെക്കൾ
ചെറുതാണ് നമ്മൾ...
അവിടെ
ആർക്കോ വേണ്ടി ജീവിച്ചു
മറ്റുള്ളവർ ജയിച്ചു
എന്ന് പറയിപ്പിക്കാൻ
കളയേണ്ട കാര്യമില്ല
ജീവിതം...
നമ്മൾ ജീവിക്കേണ്ടത്
നമ്മുടെ മാത്രം
ആവശ്യമാണ്..
നമ്മുടെ മാത്രം....
ജീവിതം അതിരുകൾ ഭേദിച്ച് 
ഒഴുകി കൊണ്ടേ ഇരിക്കും....
ഒഴുകുന്നിടതൊക്കെ അലിഞ്ഞു ചേർന്ന്
ചിലപ്പോൾ 
വലിയ ചാലുകളാകും...
മറ്റു ചിലപ്പോൾ
ഒഴുകുന്നിടത് വറ്റി തീര്ന്നെന്നു
തോന്നലുണ്ടാക്കിയെക്കാം...
നേരത്ത പാളികളായി ചിലയിടങ്ങളിലും
കുത്തൊഴുക്കായി മറ്റിടങ്ങളിലും
ഒഴുകി ഒഴുകി
അവസാനം എവിടെയോ വച്ച് അസ്തമിക്കും...
ചിലർ അങ്ങനെ ആണ് 
എപ്പോഴും ശത്രുക്കളെ 
പ്രതീക്ഷിക്കുകയും 
പ്രതിരോധം 
തീര്ത്തുകൊണ്ടിരിക്കുകയും ചെയ്യും 
നിഴലുകളോട് യുദ്ധം ചെയ്തു
തളരുമ്പോൾ
അവർ തിരിച്ചറിയും
തങ്ങളുടെ വിഢിതം...
അപ്പോഴേക്കും
ജീവിതം നരച്ചു
തുടങ്ങിയിട്ടുണ്ടാവും...