Saturday, November 30, 2013

എനിക്കറിയാം...

എനിക്കറിയാം...
മുങ്ങിതാഴുന്നതിൻ മുൻപ്...
നീ എത്രയോ വട്ടം
നിന്നെ സ്തുതിച്ചു പാടിയവരോട്
കേണിട്ടുണ്ടാവും ...
ഒരു കൈപിടി...
ഒരു കച്ചി തുരുമ്പ്...
പക്ഷെ
എന്റെ സ്നേഹിതേ...
ഈ ലോകം അങ്ങനെയാണ്....
ചിരികൾക്കിടയിൽ മറഞ്ഞിരിക്കുന്ന
വേദന തിരിച്ചറിയാതെ...
വരികളിൽ മാത്രം വായിക്കുന്നവർ...
എത്രവട്ടം നീ പറഞ്ഞിട്ടുണ്ടാവും...
ഞാൻ തകര്ന്നു പോകുന്നു എന്ന്...
പക്ഷെ...
നീ ഇല്ലാതാകുന്നത് വരെ...
നിന്റെ ആര്ക്കും മനസ്സിലാക്കാത്ത
മനസ്സിന്റെ നീറ്റൽ...
നിന്നിൽ മാത്രം ഉയരുകയും
നിന്നിൽ അവസാനിക്കുകയും
ചെയ്തു കാണും...
കാരണം...
നമുക്ക് ഹൃദയത്തിന്റെ
ഭാഷ അറിയില്ലാലോ...
വെറുപ്പിന്റെ ഭാഷകളല്ലേ
എന്നുംപാഠ ശാലകളിൽ
ഉയരാരുള്ളത്...
സ്നേഹത്തിനെ
പൂട്ടിട്ടു പൂട്ടി
സ്വാർത്ഥതക്കു
സ്നേഹത്തിന്റെ
കുപ്പായവുമിടുവിച്ചു...
കമ്പോളത്തിൽ വില്പനയ്ക്ക് വച്ചില്ലേ...
കൂട്ടിൽ അടക്ക പെട്ട...
ഹാ സ്നേഹമേ
നിന്നെ വീണ്ടെടുക്കാതെ...
എനിക്കെങ്ങനെ ഉറങ്ങാൻ കഴിയും...
എത്രയോ സഹോദരങ്ങളുടെ
കണ്ണുനീരിൽ കുതിർന്ന
ഈ മണ്ണിൽ ചവുട്ടി
ഞാൻ ആണയിടുന്നു...
നിന്നെ ഞാൻ
അടിമത്തത്തിൽ നിന്നും
മോചിപ്പിച്ചു
മനുഷ്യന്റെ ഹൃദയത്തിൽ
സ്ഥാപിക്കും...
തീർച്ച....
വെറുപ്പിന്റെ
രാജാവിനെ
സ്നേഹത്തെക്കൊണ്ട്
പ്രണയിപ്പിക്കും...
അന്നിവിടെ...
തൂക്കു കയറുകൾക്ക് പകരം
അമ്മ തൊട്ടിലുകളുണരും
കൊലവിളികൾക്ക് മുകളിൽ..
താരാട്ട് പാട്ടുകൾ ഉയരും...
യുദ്ധ വീമാനങ്ങൾക്ക് താഴെ
നിലാവിന്റെ പ്രതിരോധമുയരും...
അന്ന് നിന്റെ ആത്മാവിനെ
തിരിച്ചറിഞ്ഞതിന്റെ
സന്തോഷം
എന്റെ ഓർമ്മകളിൽ
പാൽ നുരകളായ്
ചിരിച്ചകലും...
അതുവരെ...
ക്ഷമിക്കൂ..

എം ജി മല്ലിക

Friday, November 29, 2013

എന്തുകൊണ്ടാണ്

എന്തുകൊണ്ടാണ്
നിന്റെ കണ്ണിൽ നിന്നും
ഒഴുകിയ കണ്ണ് നീര് കൊണ്ട്
ഈ ഭൂമിയാകെ
നനഞ്ഞു കുതിർന്നതു
എനിക്ക് മാത്രം
കാണാൻ കഴിയാതിരുന്നത്?
നീ തകര്ന്നു വീഴുമ്പോൾ
നീട്ടിയ കരങ്ങളെ
എനിക്ക് മാത്രം
 പിടിക്കാൻ കഴിയാതിരുന്നത്?
വേദന സഹിക്കാതെ
നീ കരഞ്ഞപ്പോഴോരിക്കലും
നിന്റെ മനസ്സിൽ ഞാൻ മരിച്ചു
പോകുമെന്ന് 
എനിക്ക് മാത്രം
 മനസ്സിലാകാതിരുന്നത്?
 എനിക്കരിയില്ലലോ
സ്നേഹിക്കുന്നവരുടെ
 സ്നേഹിക്ക പെടാനുള്ള
ആഗ്രഹത്തിന്റെ തീവ്രത...
എം ജി മല്ലിക

Friday, November 22, 2013

നിഴലിനെ സ്നേഹിച്ച

നിഴലിനെ സ്നേഹിച്ച
രാജകുമാരന്
സ്നേഹിക്കാനാകുമോ
രാത്രി തൻ ചുംബനം....
വെയിൽ നാളമോന്നങ്ങടങ്ങി
കഴിയുമ്പോൾ
ഇരുളിന്റെ ചുരുളായി
നിഴലുകൾ മാറവേ...
എം ജി മല്ലിക

പട്ടിൽ പൊതിഞ്ഞ

പട്ടിൽ  പൊതിഞ്ഞ  ശരീരതിനറിയില്ല
പട്ടു നൂലിന്റെ  വേദന
ചത്ത്‌  പൊങ്ങിയ  അമ്മപ്പുഴുവിന്റെ
കണ്ണുകളിലെ തീക്ഷണത
പട്ടിനു അറിയാം
കാഴ്ച വസ്തുവായി പൊള്ള  ഭാഷണങ്ങൾക്ക്
കൂട്ടിരിക്കുമ്പോൾ
ഉള്ളിൽ   അടക്കിപ്പിടിച്ച തേങ്ങൽ
എല്ലാ മനോഹാരിതയ്യ്ക്ക്  പിന്നിലും
ഒരു  നീറുന്ന സത്വം
പട്ട്   കാണുമ്പോൾ  എന്തിനു
ചത്തു  പോയ പുഴുവിനെ ഓർക്കണം
ചില  പുഴുക്കൾ  ചാവാൻ  ഉള്ളതാണ് 
ചില  ശരീരങ്ങൾ  ആഘോഷിക്കാനും 
പ്രപഞ്ച  സത്യത്തെ  എന്തിനു  മാറ്റി  മറിക്കണം
ചിലരുടെ  തലച്ചോറിൽ  സാത്താൻ
കൂടിയിരിക്കുന്നു
അവരുടെ  കണ്ണിൽ  ചത്ത  പുഴുക്കളുടെ കണ്ണുകൾ
ദയനീയമായി  തേങ്ങും
അതാണ്  കുഴപ്പം 
തലച്ചോറിലെ സാത്താന്മാരെ
കുടിയൊഴിപ്പിക്കൽ  പണ്ട്  മുതലുള്ള 
പെടാപ്പാട്
എന്നിട്ടും  സാത്താൻ  ഇരിക്കുന്ന  തലയുമായി 
ചിലരെങ്കിലും  പിറന്നു  വീഴും
ലോകം  അവര്ക്ക്  ഇടം  കൊടുത്തിട്ടുണ്ട്‌
മണന്മാരുടെ  കണക്കു  പുസ്തകത്തിൽ
പഠിക്കാൻ  കുട്ടികള്ക്കും  വേണ്ടേ
ചില  പേരുകൽ

ഹൃദയത്തിന്റെ അടിത്തട്ടിൽ



ഹൃദയത്തിന്റെ അടിത്തട്ടിൽ  നിന്നും തെളിനീർ പോലെ ഒഴുകി വരുന്നവ മാത്രമേ സത്യസന്ധമായ രചനകളാവൂ...അങ്ങനെ ഉള്ളവ നമ്മുടെ ഹൃദയത്തിലേക്ക് ഒരു തടസ്സവുമില്ലാതെ കടന്നു പോകും...സുതാര്യമായ്...എന്നാൽ പലപ്പോഴും നാം എഴുതുന്നത്‌ തെളിനീരിനെ മാന്യതയുടെ അരിപ്പയിൽ  അരിച്ചെടുത്ത്‌ സമൂഹത്തിനു സ്വീകര്യമാകുന്നവയാകി കൃത്രിമത്വം സൃഷ്ടിച്ചാണ്...അത് വായിക്കുന്ന വായനക്കാർ കണ്ണടച്ചിരുട്ടാക്കുന്ന ആ കളവിൽ സന്തോഷം നടിക്കാൻ ശീലിചതിനാൽ  ഹൃദയത്തിലെതാത്ത പൊള്ളത്തരങ്ങളെ  വാനോളം പുകഴ്ത്തും...പക്ഷെ ഉള്ളിലേക്ക് കടക്കുന്നില്ലെന്നു തിര്ച്ചരിയുംബോഴും അത് സമ്മതിക്കാൻ തയ്യാറാവാതെ കള്ളം പറഞ്ഞു കൊണ്ടേ ഇരിക്കും......എന്നാൽ സത്യസന്ധമായവയെ കല്ലെടുതെരിയേണ്ടത് തന്റെ ബാധ്യതയായി കണക്കാക്കി പല്ലും നഖവുമുപയോഗിച്ചു കടിച്ചു കീറും അതിനെ.....കാരണം നമുക്ക് പേടിയാണ് താൻ  അന്നാവരണം ചെയ്യപെട്ടു പോകുമോ എന്ന്...കാപട്യത്തിന്റെ മേലാപിൽ സ്വയം കുടുങ്ങി മറ്റുള്ളവരെയും കുടുക്കി ജീവിതം തള്ളി നീക്കുന്ന ജനത...ഇവരറിയുന്നോ...മനുഷ്യ ജീവിതം എത്ര നൈമിഷികം എന്ന്.
എം ജി മല്ലിക 

നീർച്ചാലുകൾ വറ്റി വരണ്ടു

നീർച്ചാലുകൾ വറ്റി വരണ്ടു
മരുപ്പരമ്പ് ആയി കിടക്കുന്ന മനസ്സിൽ
ഒരു തുള്ളി ദാഹനീരുമായി
ആരെങ്കിലും കടന്നു വരും
അന്ന് ദാഹം മാറ്റാനല്ല
മറ്റുള്ളവര്ക്ക് കൊടുക്കതിരിക്കാനാണ്
പലരും ശ്രമിക്കുക...
പരസ്പരം തല്ലി...
ഒഴുകി വരുന്ന നീരിൽ
ചളി നിറയുമ്പോൾ മാത്രമാണ്
നാം എന്തായിരുന്നു ചെയ്തതെന്ന്
ബോധ്യം വരുക...
അപ്പോഴേക്കും
ഉള്ള വെള്ളം
മലിനമായി കഴിഞ്ഞിരിക്കും...
എം ജി മല്ലിക

ചില ബന്ധങ്ങൾ

ചില ബന്ധങ്ങൾ
മഴവില്ല് പോലാണ്
അടുക്കും തോറും
ഭംഗി നഷ്ടപെടുന്ന മിഥ്യ...
എം ജി മല്ലിക

ഒരിക്കലും തുറക്കാത്ത മനസ്സ്

ഒരിക്കലും തുറക്കാത്ത മനസ്സ്
ചെളിവെള്ള കെട്ടുപോലാണ്
അതിൽ തെളി നീര്
പ്രതീക്ഷിച്ചിട്ടു കാര്യമില്ല...
എം ജി മല്ലിക

മഴയുള്ള രാത്രിയിൽ

മഴയുള്ള രാത്രിയിൽ
നനയാതിരിക്കുവാൻ
തണലിന്റെ മറതേടി
നാം നടന്നു...
ഇടിമിന്നലെന്നുടെ
ഇമകളിൽ പേടിതൻ
ഇടി മുഴക്കങ്ങളായ്
തുടികൊട്ടവേ...
ചേർത്ത് പിടിച്ചെന്റെ
നെറുകയിൽ ചുംബിച്ചു
ചെടിയുടെ ചോട്ടിലോതുങ്ങി നിന്നു.
ഓർമ്മയിൽ പെയുന്നു
ഇന്നുമാ പെരു മഴ...
ജീവന്റെ താളമായ്
എന്റെ ഉള്ളിൽ.
എം ജി മല്ലിക

ഹൃദയം തുറന്നു കാത്തിരുന്നിട്ടല്ല

ഹൃദയം തുറന്നു കാത്തിരുന്നിട്ടല്ല ഒരാളും നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത്.....നമ്മളറിയാതെ നമ്മുടെ ഹൃദയം തള്ളി തുറന്നു നമ്മിലേക്ക്‌ കടന്നു വരാറാണ് പതിവ്..അതുപോലെ നാം കരുതി പുറത്താക്കിയിട്ടല്ല ഒരാളും നമ്മുടെ മനസ്സില് നിന്നും പുറത്തു പോകുന്നത്...അതും സ്വാഭാവികമായി സംഭവിക്കുന്നതാണ്...നമ്മുടെ മനസ്സിൽ നിന്നും ഒരാൾ പുറത്തു പോകാതിരിക്കാനും നാം കരുതിയിട്ടു കാര്യമില്ല...പുറത്തു പോകുന്നയാൽ കരുതണം...അത് പോലെ അകത്തു വരണമെങ്കിലും നാം കരുതിയിട്ടു കാര്യമില്ല വരേണ്ടയാൽ കരുതണം...അത് പോലെയാണ് നമ്മുടെ കാര്യവും...നമുക്ക് ഒരാളുടെ ഹൃദയത്തിലേക്ക് കടക്കണമെങ്കിൽ അയാളുടെ ഹൃദയം തള്ളി തുറന്നു കടക്കാൻ നാം പ്രാപ്തി നേടണം...അതിനു അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... അയാളുടെ ഹൃദയത്തിൽ നിന്നും നമ്മൾ പുരത്താവുന്നതും അയാളുടെ കുറ്റം കൊണ്ടല്ല...നമുക്ക് അയാളെ നമ്മിലേക്ക്‌ അടുപ്പിച്ചു നിരത്താൻ കഴിവില്ലാതതിനാലാണ്....
എം ജി മല്ലിക

Monday, November 18, 2013

വരികളിൽ ശരികളുണ്ടാകണമെങ്കിൽ

വരികളിൽ ശരികളുണ്ടാകണമെങ്കിൽ
ചിന്തകളിൽ ചന്തമുണ്ടാകണം...
ചിന്തയിൽ ചന്തമുണ്ടാകാൻ
മനസ്സിൽ മധുരമുണ്ടാകണം...
മനസ്സിൽ മധുരമുണ്ടാകണമെങ്കിൽ
മിഴികളിൽ കാഴ്ചയുണ്ടാകണം
മിഴികളിൽ കഴ്ച്ചയുണ്ടാകണമെങ്കിൽ
ഹൃദയത്തിൽ സ്നേഹമുണ്ടാകണം
ഹൃദയത്തിൽ സ്നേഹമുണ്ടാകുമ്പോൾ
വാക്കുകളിൽ സത്യമുണ്ടാകും
വാക്കുകളിൽ സത്യമുണ്ടാകുമ്പോൾ
വരികളിൽ ശരികളുണ്ടാകും
എം ജി മല്ലിക

Thursday, November 14, 2013

കവിതയെ

കവിതയെ സ്നേഹിക്കുവാനില്ല ഞാനെന്റെ
കവി മനസ്സാകെ മരിച്ചു പോയി
മഴവില്ല് കാണുവാൻ കണ്‍കളിൽ കനിവില്ല
മൃതുല വികാരങ്ങൾ മുനയോടിഞ്ഞു
മായാത്ത സ്വപ്ന സുഖ ദർശന ങ്ങൾക്ക്
മുകളിലായ് മായാത്ത വല വിരിച്ചു
കരളിലെ കനിവുറവെന്നൊ വരണ്ടു പോയ്‌
മനസ്സൊരു മരുഭൂമി ആക്കി വച്ചു
പോരിന്നോരുംപെട്ടു പോർക്കളം തന്നിൽ
ഞാൻ പെനായയെപ്പോൾ കിതച്ചു നിന്നു...
എം ജി മല്ലിക

പെരുവിരൽ

പെരുവിരൽ കാണിക്ക ചോദിച്ച ഗുരുവിനെ
വന്ദിച്ചു കൈ വിരൽ നല്കിയ ശിഷ്യരെ
കാണാൻ കൊതിച്ചുപോയ് കാൽക്കൽ വീണാവിരൽ
തുമ്പിൽ പിടിചോന്നു മുത്തം കൊടുക്കാനും...
ഇന്ന് ഞാൻ കാണുന്നു ശിഷ്യരെ ഗുരുവിന്റെ
ഹൃദയം പകുത്തു ഭുജിചിക്കും മനസ്സുമായ്
എത്രയോ കാലമായ് കാത്തിരിക്കുന്നു ഞാൻ
ചിതയിലെക്കെന്നെ എടുക്കുന്ന രാവിനായ്...
എം ജി മല്ലിക

മുഖംമൂടികളൊക്കെ

മുഖംമൂടികളൊക്കെ അഴിച്ചു വച്ച് ഞാൻ ഉറങ്ങാൻ കിടന്നു. അപ്പോഴാണ്‌ അതി കഠിനമായ കാറ്റടിച്ചത് . ചുഴലി കാറ്റാണെന്ന് തോന്നുന്നു. വസ്ത്രങ്ങളൊക്കെ ആകാശത്തൂ കൂടെ വട്ടം ചുറ്റി പറന്നു. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഞാൻ അറിയാതെ ഇത്തിരി നേരം ഉറങ്ങിയെന്നു തോന്നുന്നു. എഴുന്നേറ്റു വന്നു നോക്കിയപ്പോൾ മുഖമൂടികൾ കാണാനില്ല. എന്താ ചെയ്യുക? എല്ലാവരുടെതും പോയിട്ടുണ്ടെങ്കിൽ കുഴപ്പമില്ലലൊ എന്നാലോചിച്ചു ഞാൻ അടുത്ത വീട്ടിലേക്കു കാലെടുത്തു വച്ച്. അതാ എന്റെ മുഖമൂടി കൂടി അവിടെ കിടക്കുന്നു.കൂടാതെ ഞാൻ മുൻപ് കാണാത്ത എത്രയോ മുഖം മൂടികൾ കാറ്റത്തു പറന്നു വന്നു കിടക്കുന്നു. എല്ലാവരും ധ്രിതിയിൽ മുഖമൂടി ധരിക്കുന്ന തിരക്കിലായതിനാൽ ഒച്ചയുണ്ടാക്കാതെ ഞാൻ എന്റെ നഗ്ന മുഖം മറ്റുള്ളവരിൽ നിന്നും മറച്ചു വക്കാൻ തിടുക്കപെട്ട് വീട്ടിലേക്കു നടന്നു.
മല്ലിക എം ജി

എന്താണ് എന്റെ പുറത്തിത്ര ഭാരം

എന്താണ് എന്റെ പുറത്തിത്ര ഭാരം... കാതങ്ങൾ താണ്ടി കഴിഞ്ഞപ്പോഴാണ് സംശയം തോന്നിയത്...യാത്ര തുടങ്ങുമ്പോൾ ചെറിയ ഒരു സഞ്ചി മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ...പുറത്തെ സഞ്ചി വളര്ന്നു നാട് ഓടിയാൻ തുടങ്ങിയിരിക്കുന്നു. എവിടെയെങ്കിലും ഇറക്കി വയ്ക്കാമെന്ന് വിചാരിച്ചാൽ ഇറക്കാൻ കഴിയുന്നില്ല...അടുത്തെങ്ങും ആരും ഇല്ല. സഞ്ചിയുടെ വലുപ്പം കാരണം ആരെയും അടുത്തേക്ക് വിളിക്കാൻ കഴിയുന്നുമില്ല. ഇതൊരു പോല്ലപ്പല്ലെനു വിചാരിച്ചു ചുറ്റും നോക്കിയപ്പോൾ...എന്റ്മ്പോ! എല്ലാരും എടുത്തൽ പൊന്താത്ത ഭാരവും പേറി എങ്ങി വലിഞ്ഞു നടക്കുന്നു. ചിലര് ഇഴയുന്നു...അപ്പോഴാണ്‌ ഉള്ളില നിന്നും ഒരു ചിന്ത പുറത്തു കടന്നു വട്ടം ചുറ്റി പിടിച്ചത്. സഞ്ചി തുറന്നു നോക്കാം...വേണ്ടാത്തത് കളഞ്ഞിട്ടു വേണ്ടത് മാത്രം എടുത്താലെന്താ? അടുത്തുള്ള ആളോട് കഴിയുന്നത്ര ഉച്ചത്തിൽ അടക്കം പറഞ്ഞു. അമ്മോ...അത് പാടില്ല...എല്ലാരും വലിക്കുമ്പോ നമുക്ക് മാത്രമെന്താ പ്രശ്നം? അയാള് എങ്ങി വലിഞ്ഞു നടക്കാൻ തുടങ്ങി.. എന്ത് വന്നാലും വേണ്ടില്ല ഈ ഭാരം തുറന്നു നോക്കിയ്കിട്ടു തന്നെ കാര്യം...രണ്ടു കല്പ്പിച്ചു തുറന്നു...ഒന്നിന് ഉള്ളില മറ്റൊരു കെട്ട്...അവസാനം ഉള്ലിം തൊലി കളഞ്ഞത് പോലെ എന്റെ കനം കുറഞ്ഞ സഞ്ചിക്ക് ചുറ്റും പൊതിഞ്ഞു വച്ച പഴഞ്ഞൻ തുണികൾ...അവ വളിചെരിഞ്ഞപോൾ എന്താ ഒരു സുഖം... .മറ്റുള്ളവരുടെ അടക്കം പറച്ചിൽ കേള്ക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുപാടി ഞാൻ ഏറെ വഴിയിലൂടെ കൈ വീശി മൂളിപാടും പാടി നടന്നു....
മല്ലിക എം ജി

അവന്റെ

അവന്റെ കണ്ണുകളിൽ അവൾ അവനെ കണ്ടു.
ആയിരം മുഖങ്ങളിൽ ഒന്നായി ഒരു പൊട്ടായി...
അവൾ ആ കണ്ണിൽ നിന്നും ഓരോ മുഖങ്ങളും എടുത്തു മാറ്റി..
അവസാനം ആശ്വാസത്തോടെ സൂക്ഷിച്ചു നോക്കി...
അതെവിടെ...തെളിഞ്ഞു നിന്ന തന്റെ മുഖം?
അവിടം ശൂന്യമായിരുന്നു...
എം ജി മല്ലിക

ഒരു വാക്ക്

ഒരു വാക്ക് പറയാതെയിരുളിന്റെ നിഴൽ പോലെ എവിടേക്ക് നീ മറഞ്ഞു...
എന്റെ ഹൃദയം തകര്ന്നു പോകുന്നു...
അറിയാത്തോരഭയമായ് കുടിയേറി വന്ന നീയകലേക്ക് പോയ്‌ മറഞ്ഞു...
ഞാനോരഭയം തിരക്കിയോടുന്നു...
അരികെയെൻ ജീവനിൽ അമൃതും ചുരന്നു നീ അനുഭൂതിയയെന്നെ തഴുകി നില്ക്കെ...
തരളമാമാലസ്യമെന്നെ പോതിയവേ മായപൊൽ നീയെങ്ങൊ മഞ്ഞു പോയി...
എന്റെ സ്വപ്നവും നിന്നൊപ്പം കാണാതെയായ്
അകലെ നീ അവനിയിൽ അഴകിൻ പ്രതീകമായ്
ആകാശത്തോളം പറന്നു പൊങ്ങി...
അതിരറ്റ മോഹതിനവസാന വാക്കായി
മണ്ണിൽ പുനര്ന്നു ഞാൻ വീണു പോയി...
എന്റെ മോഹങ്ങൾ കാവലായി കാത്തിരുന്നു...
എം ജി മല്ലിക

ഇല്ലെന്റെ തൂലികയിൽ ഇല്ല വെറുപ്പിന്റെ

ഇല്ലെന്റെ തൂലികയിൽ ഇല്ല വെറുപ്പിന്റെ
നീർക്കുമിള ഇത്തിരി പോലും...
ഇല്ലെന്റെ ഹൃത്തിൽ നുരക്കുന്ന കോപം
മടുക്കുന്ന നൈരാശ്യമൊന്നും...
ഉയരും പ്രതീക്ഷയും സ്നേഹവും കൊണ്ടു
ഞാനെന്റെ കൂടാരം പണിതു...
വാതിൽക്കൽ കാവലാൾ വാളുമായ് നില്പീല...
ആശ്വാസ വാക്കുകള മാത്രം...
ഉള്ളില ജ്വളിക്കുന്നോരഗ്നിയല്ലേകമാം
സാന്ത്വന സ്പർശമതു മാത്രം...
എം ജി മല്ലിക

എന്റെ പൂങ്കാവനം...

എന്റെ പൂങ്കാവനം...
എവിടെയൊക്കെയോ പുഴുക്കുത്തുകൾ...
കണ്ണുകളിൽ പുഴു അരിച്ചു കയറി....
എവിടെയും പുഴു പുളപ്പ്...
കണ്ണ് കഴുകി...
മരുന്ന് വച്ച്...
മനസ്സിൽ മുഴുവൻ പുഴു...
കണ്ണടച്ച്...
പുഴുക്കുത്തില്ലാതിടം പരതി...
എത്ര മനോഹരമായ ഇലകൾ...
ചിന്തയിൽ നിറച്ച മനോഹാരിതയിൽ
പൂക്കൾ ചിരിച്ചു...
എം ജി മല്ലിക

എത്ര മാത്രം കഠിനമാകുന്തോറം...

എത്ര മാത്രം കഠിനമാകുന്തോറം...
അത്രമേൽ എളുപ്പം വലിച്ചെറിയാം...
അല്ലെങ്കിൽ നിങ്ങളറിയാതെ...
നിങ്ങളുടെ കൈവെള്ളയിൽ
അവ കടിച്ചുതൂങ്ങുന്നു...
വേണ്ടാന്നു കരുതീട്ടും...
അകന്നു പോകാത്ത നിഴൽ പോലെ...
അതുകൊണ്ട്...
എന്റെ ഹൃദയമേ...
നീയൊരു കല്ലായി...
എന്നെ എറിയാൻ...
കൊതിക്കുന്നവരെ രക്ഷിക്കണേ...
എം ജി മല്ലിക

ഞാൻ ചത്ത്‌ പൊങ്ങിയത്

ഞാൻ ചത്ത്‌ പൊങ്ങിയത്
നിങ്ങളുടെ സ്വപ്നങ്ങൾക്ക്
പട്ടു നൂലിഴ നല്കാനായിരുന്നു....
ഓരോ ദിനവും
മരണത്തിന്റെ മന്ത്രവുമായി
എന്നിലേക്ക്‌ ഓടി അടുത്തു...
നിങ്ങളുടെ സ്വപ്‌നങ്ങൾ
പട്ടുനൂൽ ചിറകുകളിൽ പറന്നു പൊങ്ങി...
വർഷങ്ങൾ നിമിഷങ്ങളെ പോലെ ഒടുങ്ങി തീർന്നു...
വികൃതമായ പുഴു ശരീരത്തിലെ
അവസാന പട്ടു നൂലും നല്കി
ഞാൻ ഒരു പുതപ്പിന്റെ സാന്ത്വനം തേടി
നിങ്ങളുടെ കണ്ണുകളിലേക്കു നോക്കി...
അവിടെ ഞാൻ കണ്ടത്
പട്ടു നൂലിന്റെ മൃദുത്വമല്ല...
കത്തുന്ന അവജ്ഞ...
പുഴു ശരീരത്തിന്റെ വൈകൃതതിലേക്ക്
നിങ്ങളുടെ കണ്ണുകൾ ആഴ്ന്നിറങ്ങിയപ്പോൾ...
ഞാനൊരു നിമിഷം എന്റെ
യൌവ്വനത്തിന്റെ നഷ്ട്ട സ്വപ്നങ്ങളെ...
ഓർത്തു തേങ്ങി...
എങ്കിലും മനസ്സിലൊരു കുളിർമ...
ഇനി ഞാൻ ചത്ത്‌ പോങ്ങണ്ടല്ലോ...
ആർക്കോ വേണ്ടി ചത്ത്‌ മലച്ച...
എന്റെ ദിനങ്ങളിൽ നിന്നും
എനിക്ക് വേണ്ടി ജീവിച്ചു തീർക്കുന്ന...
ഈ ദിനങ്ങളിലേക്ക്
എന്നെ നയിച്ച
എന്റെ വികൃത ശരീരതിന്റെ
നിഷ്ക്രിയത്വത്തെ ഞാനറിയാതെ...
സ്നേഹിച്ചു ആദ്യമായി...
എനിക്കുവേണ്ടി ബാക്കി വച്ച
തന്റെ പുഴുവരിച്ച സ്വപ്നങ്ങളിൽ
ഞാൻ ആണ്ടിറങ്ങി...
എവിടെയൊക്കെയോ പട്ടു
നൂലിഴകൾ നിർമ്മിച്ച്‌ കൊണ്ടേയിരുന്നു...
വേദനയോടു കൂടി ഞാനത് നോക്കി നിന്ന്...
എം ജി മല്ലിക

പാടി തീരാത്ത മുദ്രാവാക്യങ്ങളുടെ

പാടി തീരാത്ത മുദ്രാവാക്യങ്ങളുടെ
ഹൃദയം പിളർക്കുന്ന സത്യത്തിന്റെ
മൌന സംഗീതമായിരുന്നു നീ ഒരു കാലത്ത്...

ഇന്നോ,
ആർക്കോ വേണ്ടി കുരക്കുന്ന
അടിമ പട്ടിയുടെ ഒച്ചയില്ലാത്ത
കരച്ചിലാണ് നിന്റെ മൌനം...

പച്ച മണ്ണിന്റെ കൊതിപ്പിക്കുന്ന മണം
നിന്റെ ധമനികളിലെ
രക്തത്തിൽ അലിഞ്ഞു ചെര്ന്നിരുന്നു അന്ന്...

ഇന്നോ...
മദ്യ കൂട്ട് ചേർന്ന ദുഷിച്ച കഫം
നിന്റെ വിയര്ക്കാത്ത മേനിയുടെ
തടുക്കാനാവാത്ത ഗന്ധമായി
പുറത്തേക്കു വമിക്കുന്നു...

അക്ഷര കൂട്ട് ചേർത്ത് നീ സൃഷ്‌ടിച്ച
സംഗീതത്തിന്റെ മാസ്മര വീചികളിൽ
ഒരു ജനത ദുരിതക്കയം നീന്തി കടന്നു...

ഇന്ന്...
നീ തീർത്ത അപസ്വരങ്ങളുടെ ഉച്ചസ്ഥായിയിൽ
മയങ്ങി വീഴുന്ന ഇയ്യാം പാറ്റകളായി
ബാല്യം വഴി പിഴക്കുന്നു...
എം ജി മല്ലിക

ഇന്നലകളുടെ വിഴുപ്പുമായി

ഇന്നലകളുടെ വിഴുപ്പുമായി എത്ര കാലമായ് നടപ്പ് തുടങ്ങിയിട്ട്...
എന്നും പറയാനുള്ളവ ഒന്ന് തന്നെയായിരുന്നു...
എത്ര മനോഹരമായ ഇന്നലെ...
അങ്ങനെ ഇരിക്കെ ഒരു ദിവസം
ആ ഭാണ്ഡം ഒന്നഴിക്കാൻ തീരുമാനിച്ചു...
പാടും പാടി പാറി നടക്കുന്ന കുട്ടികൾ...
എങ്ങും സമാധാനം കളിയാടുന്ന അന്തരീക്ഷം...
പൂവിളികളുണരുന്ന പ്രഭാതം...
പക്ഷെ...
ഇന്നലെകളിൽ ഞാൻ ഇതൊന്നും കണ്ടില്ല...
പേടിച്ചു വിറച്ചു ആലില പോലെ വിറയ്ക്കുന്ന കുട്ടികൾ...
രക്തം വറ്റി ഉണങ്ങി പോയ സ്ത്രീകൾ...
മുഴിഞ്ഞു പിഞ്ഞിയ തുണിയിൽ പൊതിഞ്ഞ ശൈശവം...
ഞെട്ടി പോയി...
ഇതായിരുന്നോ നമ്മൾ പേർത്തും പേർത്തും
പാടി പുകഴ്ത്തിയ ബാല്യം...
ഇതിനെ ആണോ നമ്മൾ നഷ്ട സ്വപ്നങ്ങളുടെ
പാട്ടിൽ ഉറക്കികിടതിയത്...
ഇതിന്റെ ഓർമ്മയാണോഇന്നിനെ നിരാകരിക്കാൻ
എന്നെ പ്രേരിപ്പിച്ചത്...
എം ജി മല്ലിക

ഹൃദയം നിറഞ്ഞു കവിഞ്ഞൊരു

ഹൃദയം നിറഞ്ഞു കവിഞ്ഞൊരു
പുഴപോലെയോഴുകി
ഞാനതിൽ മുങ്ങി നിന്നു...
തരളമാം മോഹങ്ങൾ
ചിറകു വിരിച്ചു കൊണ്ടാകാശതേക്ക്
പറന്നു പൊങ്ങി...
അലതല്ലും തിരമാല കരയുടെ കവിളത്തു
ചുടു ചുംബനം നല്കാൻ ഓടിയെത്തി...
ആരും കൊതിക്കുന്നോരരുമയാം തെന്നലെൻ
സ്വപ്നത്തിൻ പട്ടം പരത്തി വിട്ടു...
എം ജി മല്ലിക

ജനാധി പത്യതിന്റെ അടിത്തറ

ജനാധി പത്യതിന്റെ അടിത്തറ തന്നെ ആരും ആരുടേയും അടിമയും ഉടമയും അല്ല എന്നതാണ്. എന്നാൽ ഇന്നും നാമ്മുടെ ജനാധിപത്യ വിശ്വാസം എന്റെ അവകാശം സംരക്ഷിക്ക പെടണം എന്നതിൽ ഒതുങ്ങുന്നു. എന്നാൽ ഇവിടെ ജനിച്ചു വീഴുന്ന എല്ലാവര്ക്കും വളരാനും വികസിക്കാനും തുല്യ അവകാശം ഉണ്ടാകി കൊടുക്കാൻ കഴിയുമ്പോൾ മാത്രമേ ജനാധിപത്യം അതിന്റെ അര്തതിലേക്ക് നീങ്ങാൻ തുടങ്ങുകയുള്ളൂ. എന്നാൽ ഇന്നും നാം കരുതുന്നത് കുട്ടികൾ രക്ഷകര്താകളുടെ അടിമകളാണ് എന്ന നിലയിലാണ്. അക്രമം ഏറ്റവും കുറഞ്ഞിരിക്കുന്ന നോര്ടിക് രാജ്യങ്ങളിൽ അതിനു കാരണം തന്നെ അവിടെ വര്ഷങ്ങള്ക്ക് മുൻപേ കുട്ടികളുടെ അവകാശ സംരക്ഷണം നടപ്പിലാക്കി എന്നതിനാലാണ്. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെടുത്തി വേണം നമ്മൾ അക്രമത്തെ കാണേണ്ടത്. ചെറിയ കുട്ടികളുടെ പ്രത്യേകിച്ച് മൂന്നു വയസ്സ് വരെ പ്രായമുള്ള കാലത്താണ് അവരുടെ വൈകാരിക തലം നിര്ന്നയിക്കപെടുന്നത് എന്ന് പഠനങ്ങൾ കാണിക്കുന്നു. എന്നാൽ ഈ കാലഘട്ടം നമ്മുടെ നാട്ടിൽ ഒരുതരത്തിലുള്ള പരിഗണനയും കിട്ടാതെ വളര്താൻ വിധിക്കപെടുന്ന തരത്തിലേക്ക് മാറുന്നു. കൈ ചൂണ്ടി കുറ്റ പെടുത്താൻ എളുപ്പമാണ്. എന്നാൽ പലപ്പോഴും നാം മനസ്സിലാക്കാത്ത വസ്തുത അമ്മ ആവുക എന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയാതെ അമ്മമാരകുന്ന സ്ത്രീകളുടെ അപക്വമായ പരിചരണം(?) മൂലം കുട്ടിക്കാലം നഷ്ടപെടുന്ന പൌരന്മാരെയാണ്. നമ്മൾ ഗര്ഭിനികളുടെ സംരക്ഷണം ആരെ എല്പ്പിക്കുന്നു?. കുട്ടികളുടെ സംരക്ഷണം ആരെ എല്പ്പിക്കുന്നു?. യഥാർത്ഥത്തിൽ കുട്ടി ഒരു മനുഷ്യ വിഭവമാണ്. അതിനെ അങ്ങനെ ആക്കി മാറ്റാനുള്ള ഉത്തരവധിതുവതിൽ നിന്നും ഒഴിഞ്ഞു നില്ക്കുന്ന ഒരു സമൂഹത്തിനും മറ്റുള്ളവരെ കൈചൂണ്ടി കുട്ടപെടുതാൻ കഴിയില്ല. ഒരു ക്രിമനൽ രൂപപ്പെടുന്നത് അവർ പ്രയപൂര്തി ആയിട്ടല്ല. നാം മറ്റുള്ളവരെ വേദനിപ്പികാത്തത് പേടിച്ചിട്ടല്ല. നമ്മുടെ മൂല്യബോധതിന്റെ സൃഷ്ടിയാണ്. ഭയപ്പെടുത്തി കുറ്റങ്ങൾ കുറയ്ക്കാമെന്ന ധാരണ ഒരു പഠനവും സാധൂകരിക്കുന്നില്ല. നമ്മുടെ വിദ്യാഭ്യാസത്തിലൂടെ വികസിച്ചു വരുന്ന മൂല്യബോധമാണ് യഥാര്ത വില്ലാൻ. സ്വാർത്ഥതയിൽ അടിസ്ഥാനപെടുത്തിയ വിദ്യാഭ്യാസത്തിൽ സ്നേഹത്തിനെന്തു പ്രസക്തി?. നമ്മൾ നാട്ടു വളര്ത്തിയ വികാരമേ ഒരാളിലുണ്ടാകൂ.. കൊല ചെയാൻ ആ അമ്മക്ക് കഴിഞ്ഞെങ്കിൽ അവരുടെ മൂല്യബോധം വികസിപ്പിച്ചെടുത്ത കുട്ടിക്കാലത്തെ കുറിച്ച് പഠിക്കാൻ കഴിയണം. ഇനിയും ഇങ്ങനെ കുട്ടികൾ അക്രമിക്കപെടാതിരിക്കനമെങ്കിൽ എന്ത് ചെയ്യണം എന്നലോചിക്കം. കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ കടമയാക്കണം.

നമുക്ക് രണ്ടു കരകളായ് സഞ്ചരിക്കാം...

നമുക്ക് രണ്ടു കരകളായ് സഞ്ചരിക്കാം...
ഒരിക്കലും കൂട്ടിമുട്ടാതെ...
സ്വതന്ത്രരായ്...
ഒഴുക്ക് നിലച്ചു അഴുക്കു ജലമായി
നമ്മുടെ പ്രണയം മാറാതിരിക്കാൻ...

ഭയം കൊട്ടയായും

ഭയം കൊട്ടയായും കൊട്ടാരമായും
മറകൾ തീർക്കുമ്പോൾ
താൻ ഒറ്റപെടുകയാണെന്നു
രാജാവിന് മനസ്സിലാകില്ല...
തുറസ്സായ സ്ഥലത്തെ മരത്തണലിൽ
മതി മറന്നുറങ്ങുന്ന
യാചകൻ
രാജാവിനെന്നും അത്ഭുത കാഴ്ച...
അയാളറിയുന്നോ...
നഷടപെടാനോന്നുമില്ലാതവന്
ഉറങ്ങാൻ കാവൽ വേണ്ടെന്നു...
എം ജി മല്ലിക

മായാ പ്രപഞ്ചത്തിനപ്പുറത്തിന്നെന്റെ

മായാ പ്രപഞ്ചത്തിനപ്പുറത്തിന്നെന്റെ
സങ്കല്പ്പ ലോകം പടുത്തു...
അതിൽ പൊൻ തൂവൽ
കൊണ്ടൊരു കാറ്റാടി തീർത്തെന്റെ
ഉള്ളിലേകാന്തത മാറ്റി...
എം ജി മല്ലിക

ശ്വേത

ശ്വേത ഉന്നയിച്ച ആരോപണം സത്യമോ അസത്യമോ ആവട്ടെ (സത്യമല്ലാത്ത ഒരാരോപണം ശ്വേതയെ പോലെ ഒരു സ്ത്രീ ഇന്നത്തെ കേരള സാഹചര്യത്തിൽ ഉന്നയിക്കില്ലെന്ന് പൂര്ണ ബോധ്യമുണ്ടെങ്കിലും ഒരു ജനാധിപത്യ വിശ്വാസി എന്ന പേരിൽ കുറ്റം തെളിയിക്ക പെടുന്നത് വരെ കുറ്റാരോപിതൻ നിരപരാധിയാണെന്ന് വിശ്വസിക്കാൻ ശ്രമിക്കുന്നതിനാൽ) അതുമായി കേരളത്തിൽ ഉയര്ന്നു വന്ന ചർച്ചകൾ നമ്മുടെ അധമ ബോധത്തിന്റെ നേര്ക്കാഴ്ചയായി മാത്രമേ എനിക്ക് കാണാൻ കഴിയു. ഇന്ന് ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്നോട് ചോദിച്ചത് ശ്വേതയുടെ സ്വഭാവം എന്താണ് എന്ന് നിങ്ങൾക്കറിയാമോ എന്നാണു. കൂടാതെ ഫെസ് ബുക്കിൽ കണ്ട പല പരാമർശങ്ങളെയും വെറുതെ തള്ളികളയാൻ ആവാതതിനാലാണ് ഇത്തരം ഒരു പോസ്റ്റ്‌ ഇടുന്നത്.

ശ്വേത മേനോണ്‍ അറിയപ്പെടുന്ന ഒരു നടി. അവരുടെ ജോലിയുമായി ബന്ധപ്പെട്ടുകൊണ്ട് അവഹേളിക്കുന്ന തരത്തിൽ ചിലർ നടത്തിയ പരാമർശങ്ങൽ അവരുടെ നീചമായ നിലവാരത്തെ കാണിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ആരോപിതനായ വ്യക്തിയെ തേജോവധം ചെയ്യലും എന്റെ ലക്ഷ്യമല്ല. എനിക്ക് അയാളോട് സഹതാപമാണ് തോന്നുന്നത്. ഇത്രമാത്രം സ്ത്രീകളുള്ള ഈ നാട്ടിൽ ഒരാളെ പോലും ഇഷ്ടപെടുതാൻ ഇങ്ങൊർക്കു കഴിഞ്ഞില്ലേ എന്ന സഹതാപം. അതല്ലെങ്കിൽ ഒരു സ്ത്രീ ശരീരതെ തൊട്ടു സായുജ്യമടയേണ്ട തരത്തിൽ സ്ത്രീയുടെ വ്യക്തിത്വത്തെ തിരിച്ചറിയാതെ ഇത്രയും കാലം കഴിച്ചു കൂടിയല്ലോ എന്ന സങ്കടം.. ആരോപണം സത്യമാനെങ്കിൽ അയാൾക്ക്‌ ഒരു സെക്സ് ചികിത്സ നല്കണമെന്ന അഭിപ്രായമാനെനിക്കുള്ളത്. ഒരു രതി വൈകൃതം എന്ന അസുഖം ബാധിച്ച വ്യക്തി. പക്ഷെ അയാളെക്കാൾ അസുഖമുള്ള പലരുടെ ഇടയിലാണ് നമ്മൾ ജീവിക്കുന്നതെന്നോർക്കുംബോഴാനു കൂടുതൽ വിഷമം.

നമ്മുടെ നാട്ടിൽ അരി സൗജന്യമായി കൊടുക്കുന്നതിനു പകരം ഇന്നിന്റെ ആവശ്യം സെക്സ് ചികിത്സ കേന്ദ്രങ്ങൾ തുറക്കുകയാണ് എന്നാണു എനിക്ക് തോന്നുന്നത്. ലൈന്ഗീകതയെ കുറിച്ചുള്ള വികല ബോധത്തെ തകർത്തെരിയാതെ നമുക്ക് രക്ഷയില്ല. ഒരു ലൈംഗീക തൊഴിലാളി ആണെങ്കിൽ പോലും അവളുടെ വ്യക്തിത്വത്തെ അംഗീകരിച്ചു കൊടുക്കാനുള്ള ബാധ്യത നിലനില്ക്കുന്ന ഒരു രാജ്യത്തു, ഏതൊരു സ്ത്രീക്കും അവളുടെ സമ്മതമല്ലതെ മറ്റൊരാൾ നൊക്കുന്നതിനെ എതിർക്കുന്ന നിയമമുള്ള ഒരു രാജ്യത്തു എന്ത് ധൈര്യത്തിലാണ് സമൂഹത്തില അറിയപ്പെടുന്ന ചിലർ സ്തീയുടെ സ്വകര്യതയുമായി ബന്ധപ്പെടുത്തി ഇത്തരം വൃത്തികെട്ട പരാമർശങ്ങലുമായി വരുന്നത് എന്നാലോചിക്കുമ്പോൾ അവരെ കുറിച്ച് ഓർത്തു എനിക്ക് ലജ്ജ തോന്നുന്നു. . ഇവര്ക്കെതിരെ തീര്ച്ചയായും നടപടികളെടുക്കണം. ശ്വെതക്കു ഈ അനുഭവമാനെങ്കിൽ ഒരു സാധാരണ സ്ത്രീ എങ്ങനെയാണ് ഒരു പരാതി ഉന്നയിക്കുക.

ഈ അവസരത്തിൽ രാഷ്ടീയ മുതലെടുപ്പുമായി വരുന്നവരെ മാറ്റി നിര്തെണ്ടാതാണ് എന്നും എനിക്ക് തോന്നാറുണ്ട്. കാരണം ആരും അത്ര നല്ലവരല്ല എന്ന് കാണിക്കാതിരിക്കാൻ എനിക്ക് കഴിയില്ല. വര്ഷങ്ങള്ക്ക് മുൻപ് കണ്ണൂരിൽ ഒരു മുസ്ലിം സ്ത്രീ തന്റെ വീട്ടിൽ നിന്നും തന്നെ ഭർത്താവിന്റെ വീട്ടുകാർ അടിച്ചിറക്കി എന്ന പരാതിയ്മായി പോലിസ് സ്റ്റേഷൻ കയറിയിറങ്ങിയ കാര്യം ഓര്മ്മ വരുന്നു. അന്ന് ആ കാര്യവുമായി ബന്ധപ്പെട്ടു കണ്ണൂരിലെ പ്രധാനപെട്ട ഒരു പാര്ടി പ്രവർത്തകൻ എന്നോട് ചോദിച്ചത് നിങ്ങൾ ആ സ്ത്രീയുടെ ആരാണ് എന്നായിരുന്നു. ഞാൻ ഒരു ടീച്ചർ ആണെന്നും അവരുടെ വീട്ടില് അവര്ക്ക് താമസിക്കാൻ സൗകര്യം ഒരുക്കണമെന്നും പറഞ്ഞപ്പോൾ എന്നോട് അദ്ദേഹം പറഞ്ഞത് അവൾ ഒരു ഇമ്മോരൽ ലേഡി ആണെന്നാണ്. പുരോഗമന മെന്നു പറയുന്ന ഇദ്ദേഹത്തിന്റെ ഈ പരാമര്സത്തിൽ വേദന പൂണ്ട ഞാൻ അവരുടെ വനിതാ സങ്കടനയുമായി ബന്ധപെട്ടപ്പോൾ എന്നോട് പറഞ്ഞത് പ്രാദേശിക നേതാക്കൾ പറയുന്നതിനപ്പുറം അവര്ക്ക് ഒന്ന് ചെയ്യാൻ കഴിയില്ല എന്നായിരുന്നു. മാത്രവുമല്ല മാസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ പത്ര സമ്മേളനം വിളിച്ചു ചേർക്കുമെന്ന -അവരുടെ തന്നെ സങ്കടനയിൽ അന്ന് ഉറച്ചു നിന്നിരുന്ന -എന്റെ ഭീഷണി മൂലമാണ് ഒരു പെറ്റി കേസ് ചാർജു ചെയ്യാൻ അന്നത്തെ പോലിസ് തയ്യാറായത്., അതുകൊണ്ട് തന്നെ ഇതൊരു രാഷ്ട്രീയ പാർടിയുടെ പ്രശ്നമെന്ന നിലയിൽ കാണാൻ ഞാൻ ഒരുക്കമല്ല. കഴ്ച്ചപാടുമായി ബ്ന്ധപെടുത്തി സ്ത്രീകളെ മനുഷ്യരായി കാണാൻ കഴിയുന്ന മാനസികാവസ്ഥയിലേക്ക് വരാനുള്ള പ്രവര്തനമാണ് നാം നടത്തേണ്ടത്. പുരുഷനും സ്ത്രീകളും തമ്മിലുള്ള ഒരു പ്രശ്നമായല്ല സ്ത്രീകളെ കുറിച്ചുള്ള സാമൂഹ്യ ബോധവും നമ്മുടെ ജനാധിപത്യ അവകാവകാശവും തമ്മിലുള്ള വിടവാണ് ഇന്നത്തെ ഇത്തരം പ്രശ്ന ങ്ങളുടെ കാതൽ.

എന്തായാലും കലക്കവല്ലം...

എന്തായാലും കലക്കവല്ലം...
പറ്റുന്നത്രയും കുത്തി കലക്കാം
ആരും കാണാതെ
മീനും പിടിച്ചു സ്ഥലം വിടാം...
പിന്നെ
ഒരു പത്ര സമ്മേളനം നടത്തി...
മീനുകളുടെ സംരക്ഷണം
വിഷയമാകി രണ്ടു ദിവസം
നിരാഹാരമിരിക്കാം...
എം ജി മല്ലിക

ഒരു നനുത്ത പ്രതീക്ഷ പോലെ..

ഒരു നനുത്ത പ്രതീക്ഷ പോലെ..
ഒരു നേർത്ത സ്വപനം പോലെ...
നിന്നെ മൂടി നില്ക്കുന്ന
കാർമേഘങ്ങളുടെ
ഇടയിൽ നിന്നും
ഒരു മിന്നലായി
ഞാൻ നിന്നരികിലെതും...
അന്ന്...
നീ നിന്റെ
എല്ലാ മുഖം മൂടിയും വലിച്ചെറിഞ്ഞു...
എന്റെ പിറകിൽ...
അനുസരണയോടെ
നടന്നു വരും...
ഭൂമിയുടെ അവസാന
രാത്രിയിൽ...
നീ എന്റെ കൈത്തലത്തിൽ
തലചായ്ച്ചു ഉറങ്ങും...
നിന്റെ ചെവികളിൽ
ഞാൻ ശാന്തിയുടെ മന്ത്രം
മധുരമായി മന്ത്രിക്കും...
മല്ലിക എം ജി

ഭൌതീക സമ്പത്ത് ഒരിക്കലും

ഭൌതീക സമ്പത്ത് ഒരിക്കലും
എന്നെ ഭ്രമിപ്പിചിട്ടില്ല.
ഓരോ ജീവനിലും ദൈവത്തെ
ദർശിക്കുന്ന ഒരു സംസ്കാരം
എങ്ങനെയൊക്കെയോ
എന്നിലും മുളച്ചു വന്നതിനാലാവാം...
ഒരാളോടും ദേഷ്യം വച്ച് പുലര്താൻ
കഴിയാത്തതും
നിരുപാധികം സ്നേഹിക്കാൻ
തോന്നുന്നതും...
ആത്മാവ്‌ തളക്കപ്പെടുമ്പോഴുള്ള
അസ്വസ്ഥതയാണ് എന്റെ ദു:ഖം...
ബന്ധങ്ങളുടെ ചങ്ങലകളിൽ
നിന്നൂർന്നു പോകാനാഗ്രഹിക്കുന്ന
ഒരു മനസ്സാണ് എന്റെ
ശക്തിയും ദൌർഭല്യവും...
ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം എന്നും
ബന്ധനം തന്നെയാണ്...
കൊടുക്കുംതോറും ഏറുന്നവയാണ്
സ്നേഹവും അറിവും എന്ന് കരുതുന്ന
തത്വ ശാസ്ത്രമാണ് എന്റേത്...
മുപ്പത്തി മുക്കോടി ദൈവങ്ങലെന്നു
കളിയാകി പറയുമ്പോഴും...
ലോകത്തെ സകല ജീവജാലങ്ങളിലും
ദൈവത്തെ ദർശിക്കുന്ന
തത്വശാസ്ത്രമാനു എന്നിലും ഒഴുകുന്നത്‌...
അതുകൊണ്ടാണ്...
ആത്മാവിനെ കെട്ടിയൊതുക്കുന്ന
ബന്ധനങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കണേ
എന്ന് ഞാൻ അലമുറയിടുന്നത്...
ഉപാധികളില്ലാത്ത സ്നേഹത്തിനെ
എന്റെ മനസ്സിൽ ഇടമുള്ളൂ...
എന്റെ നിയോഗം ഏതെങ്കിലും
ചതുപ്പ് നിലത്തിൽ ഒതുങ്ങുകയല്ല...
മറിച്ചു ജനിച്ചു വീണ മണ്ണിൽ
സ്വതന്തയായി
തന്റെ മനസ്സാക്ഷിയോട്‌ മാത്രം
വിധേയത്വം കാണിച്ചു
ജീവിച്ചു തീര്ക്കലാണ്..
എന്റെ മുന്നിലേക്ക്‌
ഇരുട്ട് കേറിയ ആത്മാവുമായി
ഒട്ടേറെ പേര് ഇനിയും കടന്നു വരും...
ഒരു നിയോഗം പോലെ അവരിലേക്ക്‌
ഞാൻ വെളിച്ചം പകര്ന്നു കൊടുക്കും...
ഈ ശരീരം എനിക്ക് പാര്ക്കാനുള്ള ഒരു
വീട് മാത്രമായാണ് ഞാൻ കാണുന്നത്...
അതിനുള്ളിലെ ആത്മാവിന്റെ വെളിച്ചത്തിൽ
അഭയം തേടി എത്തുന്നവർ
സ്നേഹത്തിന്റെ മാസ്മര
ശക്തിയിൽ
അവരുടെ ഉള്ളിലെ ഇരുട്ടകങ്ങളെ
തകർത്തെറിഞ്ഞു
അവരുടെ കര്മ്മ പദ്ധതിലേക്ക് യാത്രയാകും...
ഒരു ജന്മ നിയോഗം പോലെ ഞാൻ
ഈ യാത്ര തുടരുക തന്നെ ചെയ്യും...
കൂടെ നടക്കുന്നവര്ക്ക് നടക്കാം...
തുല്യ പരിഗണനയിൽ ഒരു പ്രവാഹം പോലെ...
നമുക്ക് അറിവ് തേടി പോകാം...
എല്ലാ ഉപാധികല്ക്കും അപ്പുറം
സ്നേഹവും സാന്ത്വനവും
ആണ് നിങ്ങൾ കരുതുന്നതെങ്കിൽ...
നിങ്ങള്ക്ക് എന്റെ കൂടെ പ്രയാണത്തിൽ അങ്ങമാകാം..
അതല്ലെങ്കിൽ...
മറ്റൊരു ദിശയിൽ യാത്രയാവാം...
എം ജി മല്ലിക

നിഴലിനെ സ്നേഹിച്ച

നിഴലിനെ സ്നേഹിച്ച
രാജകുമാരന്
സ്നേഹിക്കാനാകുമോ
രാത്രി തൻ ചുംബനം....
വെയിൽ നാളമോന്നങ്ങടങ്ങി
കഴിയുമ്പോൾ
ഇരുളിന്റെ ചുരുളായി
നിഴലുകൾ മാറവേ...
എം ജി മല്ലിക

വെളിച്ചമില്ലെങ്കിൽ

വെളിച്ചമില്ലെങ്കിൽ
നിഴലുകൾ തമ്മിൽ
വേർതിരുവുകളില്ല
ഞാനും നീയും
അപ്പോൾ ലയിച്ചു ചേരും...
എന്റെ നിഴലും നിന്റെ നിഴലും
ഭൂമിയുടെ
നിഴലിൽ ഒന്നിച്ചലിയുന്നു...
സകല ചരാചരങ്ങളും...
നമ്മോടോത്
ഇരുട്ടിൽ..
ഒറ്റ നിഴലാകുന്നു...
എം ജി മല്ലിക

നിന്റെ എല്ലാ സ്വപ്നങ്ങളും

നിന്റെ എല്ലാ സ്വപ്നങ്ങളും
നീ എന്നോട് പറയുക
എന്റെ സ്വപ്നങ്ങളെ
പാതാളത്തിൽ നിന്നും
പുറത്തെടുത്തു ഞാൻ
നിനക്ക് തരാം...
അവസാനം
അവ നമ്മുടെ
സ്വപ്നങ്ങളായി
ചിറകു വച്ച് പറന്നു
പൊങ്ങും...
എം ജി മല്ലിക

സ്നേഹത്തിൻ

സ്നേഹത്തിൻ
തന്ത്രിയിൽ
മീട്ടിയ പാട്ടുകൾ
ഹൃദയത്തിലെത്തി
തറച്ചു നിന്നു...
മരണക്കിടക്ക
വിട്ടെഴുന്നേറ്റു
ഭൂമിയീ
പച്ച പുടവ
ധരിച്ചു നിന്നു...
മല്ലിക എം ജി

പുലരി

പുലരി പോലെന്നിൽ
തുടിക്കുന്നു നിന്നുടെ
പ്രണയ മന്ത്രത്തിന്റെ
മന്ദഹാസം
മധുരമായ് പാടുമീ
കുയിലിന്റെ ഈണത്തിൽ
അറിയാതെ
ഞാനങ്ങലിഞ്ഞു പോയി
കാനനത്തിൻ വന്യ ഭംഗിയിൽ
ഞാനൊരു
മാൻ പേടയെ പോൽ
തുടിച്ചു പോയി...
കുതികൊള്ളും ആത്മദാഹത്തിന്റെ
ഓർമ്മയിൽ
ഞാനും നിനക്കൊപ്പം കേളിയാടി...
മധുരമാം വേണുവിൽ
ഹൃദയമന്ത്രം ചേർത്ത്
പുലരിയോടോത്തു
ഞാൻ നൃത്തമാടി
നിൻ സ്നേഹ സാനുവിൽ
കുടികൊള്ളും എന്നിലെ
നിന്നെ എനിക്കായ് ഞാൻ മാറ്റി വച്ചു
നീ തന്ന സ്നേഹം
നിനക്കായ്‌ തുറന്നു ഞാൻ
നിന്നിലലിയാൻ തപസ്സിരുന്നു.
എം ജി മല്ലിക

മേഘങ്ങളെന്നിൽ

മേഘങ്ങളെന്നിൽ പുളകമായ്
പെയ്യുമ്പോൾ
ആത്മാവിൽ നിറയുന്നു ശാന്തി...
തിരതല്ലും അഴലിന്റെ
വാരിധിയിൽ നിന്നും
കരയോടടുക്കുന്ന ശാന്തി...
ശാന്തമായ് ഒഴുകുമീ ആഴിതൻ
ഉൾക്കാമ്പിൽ എത്രയോ
നൊമ്പരം ബാക്കി...
കാണുന്നില്ലാരുമീ കടലിന്റെ വേദന
കണ്ടവർ പിന്നീടുണർന്നതില്ല...
എം ജി മല്ലിക

മേഘപാളിയിൽ

മേഘപാളിയിൽ മുഖം താഴ്ത്തി
ചന്ദ്ര ബിംബം തേങ്ങിയോ...
കണ്ടു നിന്ന കാറ്റു മെല്ലെ
കൊണ്ട് പോയോ കാർമുകിൽ...
തെളിമയാര്ന്ന ചിരിയുമായി
തെളിനിലാവ് പരന്നുവൊ...
പുഞ്ചിരിക്കും നിന്റെ രൂപം
മനതാരിൽ തെളിഞ്ഞുവോ...
എം ജി മല്ലിക

ചിത്രം

ചിത്രം വരച്ചങ്ങു
തീരുന്നതിൻ മുൻപ്
പൊട്ടി ചിരിച്ചു
കൊണ്ടെത്തി കടലല...
ഒക്കെയും നക്കി
തുടച്ചു വെളുപ്പിച്ചു
കുത്തോഴുക്കായങ്ങു
പോയി മറഞ്ഞാലും
വീണ്ടു മുളക്കുന്നു
പൂക്കുന്നു ഭാവന
കുത്തൊഴുക്കായ് വരും
തിരകൾക്കു മായ്ക്കുവാൻ...
എത്രയോ കലമായീ പണി
എങ്കിലും
ഇന്നും പുതുമയായ്
തോന്നുന്നു..
ജീവിതം....
എം ജി മല്ലിക

എന്നോർമകളിൽ

എന്നോർമകളിൽ
നീയൊരു
ശലഭമായ്
കുളിരുമായ്
വന്നു പറന്നുയരും
ഒരു മഞ്ഞു തുള്ളി പോൽ
ഹൃദയത്തിൻ ഭിത്തിയിൽ
അനുഭൂതിയായ് നീ
പടർന്നു കേറും...
എം ജി മല്ലിക

പാഴക്കുന്നൊരു അധ്വാനം...

പച്ച പുല്ലുകൾ തിന്നു രസിക്കും
കലമാനുണ്ടോ അറിയുന്നു...
ജീവന് വേണ്ടി തേങ്ങും പുഴുവിൻ
പാഴക്കുന്നൊരു അധ്വാനം...
പുലിയോടെന്നും തോന്നും ദേഷ്യം
കലമാനോടോ തോന്നില്ല...
കരണ മവനുടെ വായിൽ കേറും
പുഴുവിനെ ആര് ഗണിചീടാൻ
ജീവിത മെന്നു മതീവിധമെന്നാൽ
ഒര്ക്കുകയില്ലൊരു നാളും നാം...
പുഴുവേക്കൂടി കാണാനുള്ളോരു
കണ്ണട എങ്ങനെ കിട്ടീടും....
എന ജി മല്ലിക

മനസ്സിന്റെ ജാലകം

മനസ്സിന്റെ ജാലകം
തുറന്നിട്ട്‌ ഞാനൊരു
മായാ പ്രതീക്ഷയായ്
കാത്തിരുന്നു...
കലടിയോച്ചകൾ എന്നെ
കടന്നുപോയ്...
കാലം പണിതിട്ട
വഴിയിലൂടെ...
എം ജി മല്ലിക

മഴ

മഴപെയ്തു തൊർന്നൊരെൻ
ആത്മാവിൻ മുറ്റത്തായ്
ഒരു ദു:ഖ തോണിയിൽ
വന്നു നിന്നു...
നീയെൻ
ഹൃദയ കവാടത്തിൻ
ചാരത്തു വന്നെന്റെ
പ്രാണനെ തേടി ഒതുങ്ങി നിന്നും ...
എം ജി മല്ലിക

തുറന്നിട്ട ജാലകം

തുറന്നിട്ട ജാലകം
അടക്കുബോഴെന്നുടെ
ഹൃദയ കവാടം ഞാൻ തുറന്നു വച്ചു
ഒര്മ്മയിലെത്രയോ ചിത്ര പതംഗങ്ങൾ
ജാലക വാതിൽ കടന്നു പോയി...
പൂവുകൾ ചുംബിച്ചു ചുംബിച്ചു
ജീവനിൽ
മധു ചഷകങ്ങൾ നിറച്ചു വച്ചു
മായാത്ത മാരിവിൽ വർണ്ണ
പ്രതീക്ഷകൾ
മഴയോട് ചേർന്ന്
പരസ്പരം സ്നേഹിച്ചു
മഞ്ജുള ഗാനമായ്
അരികിലെത്തി...
എം ജി മല്ലിക

എന്റെ പൂങ്കാവനം...

എന്റെ പൂങ്കാവനം...
എവിടെയൊക്കെയോ പുഴുക്കുത്തുകൾ...
കണ്ണുകളിൽ പുഴു അരിച്ചു കയറി....
എവിടെയും പുഴു പുളപ്പ്...
കണ്ണ് കഴുകി...
മരുന്ന് വച്ച്...
മനസ്സിൽ മുഴുവൻ പുഴു...
കണ്ണടച്ച്...
പുഴുക്കുത്തില്ലാതിടം പരതി...
എത്ര മനോഹരമായ ഇലകൾ...
ചിന്തയിൽ നിറച്ച മനോഹാരിതയിൽ
പൂക്കൾ ചിരിച്ചു...
എം ജി മല്ലിക

ഒരു വാക്ക് പറയാതെ

ഒരു വാക്ക് പറയാതെയിരുളിന്റെ നിഴൽ പോലെ എവിടേക്ക് നീ മറഞ്ഞു...
എന്റെ ഹൃദയം തകര്ന്നു പോകുന്നു...
അറിയാത്തോരഭയമായ് കുടിയേറി വന്ന നീയകലേക്ക് പോയ്‌ മറഞ്ഞു...
ഞാനോരഭയം തിരക്കിയോടുന്നു...
അരികെയെൻ ജീവനിൽ അമൃതും ചുരന്നു നീ അനുഭൂതിയയെന്നെ തഴുകി നില്ക്കെ...
തരളമാമാലസ്യമെന്നെ പോതിയവേ മായപൊൽ നീയെങ്ങൊ മഞ്ഞു പോയി...
എന്റെ സ്വപ്നവും നിന്നൊപ്പം കാണാതെയായ്
അകലെ നീ അവനിയിൽ അഴകിൻ പ്രതീകമായ്
ആകാശത്തോളം പറന്നു പൊങ്ങി...
അതിരറ്റ മോഹതിനവസാന വാക്കായി
മണ്ണിൽ പുനര്ന്നു ഞാൻ വീണു പോയി...
എന്റെ മോഹങ്ങൾ കാവലായി കാത്തിരുന്നു...
എം ജി മല്ലിക