Tuesday, August 25, 2015

എന്റെ മതം


നിങ്ങൾ എന്നെ വേദനിപ്പിക്കുമ്പോൾ
എങ്ങനെ നിങ്ങളെ വേദനിപ്പിക്കാമെന്നല്ല
എനിക്കെങ്ങനെ വേദനിക്കാതിരിക്കാം
എന്ന് ചിന്തിക്കലാണ് എന്റെ മതം....
നിങ്ങൾ എന്നെ വരിഞ്ഞു മുറുക്കുമ്പോൾ
എങ്ങനെ നിങ്ങളെ വരിഞ്ഞു മുറുക്കാമെന്നല്ല
എങ്ങനെ സ്വതന്ത്രമാവാമെന്നു
ചിന്തിക്കലാണ് എന്റെ മതം...
അറിഞ്ഞോ അറിയാതെയോ
എന്റെ ചിന്തകളോ പ്രവർത്തികളോ
നിങ്ങളെ വേദനിപ്പിക്കുമ്പോൾ
എങ്ങനെ ശിക്ഷയിൽ നിന്നും
രക്ഷപെടാമെന്നല്ല
കുറ്റബോധം കൊണ്ട് നീറി ഉരുകി
ശിക്ഷ ഏറ്റുവാങ്ങലാണ് എന്റെ മതം...
എന്റെ മതത്തെ നിങ്ങളുടെ മതത്തിനു
മുകളിൽ വക്കാനല്ല
നിങ്ങളെ നിങ്ങളുടെ മതത്തിൽ
ജീവിക്കാൻ അനുവദിക്കലാണ് എന്റെ മതം...
എന്റെ മതം മഹത്തരമെന്നു
വിളിച്ചു പറയലല്ല
എന്റെ മതമാണ്‌ നിങ്ങളുടെതിനേക്കാൾ
നല്ലതെന്ന് നിങ്ങൾ
മനസ്സിലാക്കുന്ന തരത്തിൽ
ജീവിക്കലാണ് എന്റെ മതം...
സ്നേഹത്തെക്കുറിച്ച് പറഞ്ഞു പറഞ്ഞു
മറ്റുള്ളവരെ വെറുപ്പിക്കലല്ല
സ്നേഹിക്കുകയും സ്നേഹിക്കപെടുകയും
ചെയ്യലാണ് എന്റെ മതം...
ജീവിതത്തിന്റെ നിരർത്ഥകതയോർത്ത്
നിരർത്ഥമാക്കുകയല്ല
ജീവിച്ചുകൊണ്ട് ജീവിതത്തെ
അർത്ഥ പൂർണ്ണമാക്കുകയാണ് എന്റെ മതം...
മരണത്തെ കുറിച്ചോർത്തു
മരവിക്കുകയല്ല
മരവിപ്പിൽ നിന്നും മരണത്തിലേക്ക്
ജീവിക്കലാണ് എന്റെ മതം....
എം ജി മല്ലിക

1 comment: